അധ്വാനത്തിന്റെ വില പഠിപ്പിച്ച മകൻ

   സ്വപ്നപുരി എന്ന ഗ്രാമത്തിൽ ദാമു എന്നൊരു ജന്മി ഉണ്ടായിരുന്നു. അവന്റെ പ്രധാന വിനോദം കർഷകരെ കൊണ്ട് തന്റെ വയലിൽ കൃഷി ചെയ്യിപ്പിക്കുകയും, അവസാനം അവർ ചെയ്ത അധ്വാനത്തിന് പ്രതിഫലം കൊടുക്കാതിരിക്കുകയും ചെയ്യുന്നതായിരുന്നു. അവന്റെ പക്കൽ വളരെ വലിയ കൃഷിഭൂമി ഉണ്ടായിരുന്നു. അത് ആളുകൾക്ക് കൊടുത്ത് കൃഷി ചെയ്യിപ്പിച്ച്, ഒടുവിൽ അവരെ പറ്റിച്ച് കൂടുതൽ സമ്പാദിക്കുകയായിരുന്നു അവന്റെ പതിവ്.

ഒരു ദിവസം രാജു എന്ന കർഷകൻ ദാമുവിനെ കാണാനായി എത്തി. രാജു പറഞ്ഞു: “മുതലാളി, ഞാൻ അടുത്ത ഗ്രാമത്തിൽ നിന്നാണ് വരുന്നത്. താങ്കൾ ഭൂമി കൊടുത്ത് കർഷകർക്ക് കൃഷി ചെയ്യാൻ അവസരം തരുന്നുവെന്ന് കേട്ടിട്ടുണ്ട്. എനിക്കും ഒരു വർഷത്തേക്ക് അല്പം ഭൂമി വേണം.”

ദാമു ചിരിച്ചു പറഞ്ഞു: “അതെ, ഞാൻ ഭൂമി കൊടുക്കാറുണ്ട്. പക്ഷേ ചില നിബന്ധനകൾ ഉണ്ട്. നീ ചെയ്യുന്ന കൃഷിയിലെ പ്രതിഫലത്തിന്റെ പകുതി നിനക്കും, ബാക്കി പകുതി എനിക്കും വേണം.” രാജു അതിന് സമ്മതിച്ചു. അവർ മുദ്രപത്രത്തിൽ കരാറെഴുതി ഒപ്പുവച്ചു.

പിറ്റേ ദിവസം മുതൽ രാജു വളരെ കഠിനാധ്വാനം ചെയ്തു. രാവും പകലും വയലിൽ പ്രവർത്തിച്ചു. മാസങ്ങൾക്കു ശേഷം നെല്ല് കൊയ്യാൻ തയ്യാറായി. മൊത്തം 200 ചാക്ക് നെല്ല് ലഭിച്ചു. രാജു മനസ്സിൽ കരുതി: “200 ചാക്കിൽ 100 എനിക്ക് കിട്ടും. ഇതു കൊണ്ട് എന്റെ കടങ്ങൾ എല്ലാം തീർക്കാം.”

അവിടെത്തിയ ദാമു പറഞ്ഞു: “ഈ വിളവ് നിന്റെ അധ്വാനത്തിന്റേതല്ല, എന്റെ ഭൂമിയുടെ ഫലമാണ്. കരാർ അനുസരിച്ച് 100 ചാക്ക് ഭൂമിയുടെ പങ്ക് എനിക്കാണ്. ബാക്കിയുള്ള നൂറു ചാക്ക് നിൻ്റെ അധ്വാനത്തിന്‍റേതാണ്. നമ്മുടെ കരാർ അനുസരിച്ച് നിൻ്റെ അധ്വാനത്തിന്റെ പകുതി എനിക്ക് അവകാശപ്പെട്ടതാണ്. 100ൽ നിന്നും പകുതിയും എനിക്കാണ്. ആകെ 150 ചാക്ക് എന്റെ അവകാശം.” അങ്ങനെ ദാമുവിന്റെ വേലക്കാരൻ 150 ചാക്ക് നെല്ല് വീട്ടിലേക്ക് കൊണ്ടുപോയി. രാജുവിന് കിട്ടിയത് വെറും 50 ചാക്ക് മാത്രം. കണ്ണീരോടെ രാജു വീട്ടിലേക്ക് മടങ്ങി. വഴിയിൽ ദാമു വേലക്കാരനോട് ചിരിച്ചു പറഞ്ഞു: “ഹഹാ… ഈ പ്രാവശ്യവും നമ്മൾ ഒരാളെ കൂടി പറ്റിച്ചു. ഇതുപോലെ വരുന്നവരെ കൂടി പറ്റിച്ചാൽ ഇനിയും ധനം സമ്പാദിക്കാം.”

അൽപ്പം മാസങ്ങൾക്ക് ശേഷം രാജുവിന്റെ മകൻ വിനോദ് നഗരപഠനം കഴിഞ്ഞ് വീട്ടിലെത്തി. വീട്ടിലെ ദുരവസ്ഥ കണ്ട അവൻ കാര്യം ചോദിച്ചു. രാജു വിഷമത്തോടെ സംഭവങ്ങൾ എല്ലാം പറഞ്ഞു. ഇത് കേട്ട വിനോദ് മനസ്സിൽ തീരുമാനിച്ചു: “ദുഷ്ടനായ ദാമുവിനെ ഒരു നല്ല പാഠം പഠിപ്പിക്കണം.”

അടുത്ത ദിവസം വിനോദ് ദാമുവിനെ കണ്ടു. “മുതലാളി, എനിക്കും കൃഷി ചെയ്യാൻ അല്പം ഭൂമി വേണം,” – വിനോദ് പറഞ്ഞു. ദാമുവിന് സന്തോഷമായി. അവൻ കരുതി: “ഇവനെയും ഞാൻ പറ്റിക്കും.” ദാമു പറഞ്ഞു: “ശരി, പക്ഷേ ഒരു നിബന്ധന ഉണ്ട്. കൃഷി ചെയ്യുന്നതിന്റെ പകുതി എനിക്ക് വേണം ബാക്കി പകുതി നിനക്കെടുക്കാം. അതായത് വിളവിന്റെ മുകളിലെ ഭാഗം മുഴുവൻ എനിക്കാണ്. താഴെയുള്ള ഭാഗം നിനക്ക്.” വിനോദ് ചിരിച്ചു സമ്മതിച്ചു.

പിറ്റേ ദിവസം മുതൽ വിനോദ് വയലിൽ ഉത്സാഹത്തോടെ ജോലി തുടങ്ങി. മാസങ്ങൾക്കു ശേഷം വിളവെടുപ്പിന് സമയം വന്നു. വിനോദും രാജുവും ചേർന്ന് മുഴുവൻ വിളവുകളും ചാക്കിലാക്കി വെച്ചു. ദാമു എത്തി പറഞ്ഞു: “കരാർ ഓർമ്മയില്ലേ? മുകളിലെ ഭാഗം എനിക്കാണ്.” വിനോദ് മറുപടി നൽകി: “അതെ മുതലാളി! ഞാൻ കൃഷി ചെയ്തത് ഉരുളക്കിഴങ്ങാണ്. അതിന്റെ മുകളിലെ ഇലകൾ താങ്കൾക്കു വേണ്ട അത്രയും എടുക്കാം. താഴെയുള്ള കിഴങ്ങ് എല്ലാം എനിക്ക്.” ദാമു ചാക്കുകൾ തുറന്ന് നോക്കി. എല്ലാം കിഴങ്ങ് മാത്രം! അവൻ വലിയ അബദ്ധം ചെയ്തു എന്ന് മനസ്സിലാക്കി.

ദാമു കരുതി: “ശരി, അടുത്ത പ്രാവശ്യം ഞാൻ ജയിക്കും.” കുറച്ച് മാസങ്ങൾക്ക് ശേഷം വിനോദ് വീണ്ടും ഭൂമി ചോദിച്ചു. ദാമു പറഞ്ഞു: “ഈ പ്രാവശ്യം മുകളിലെ ഭാഗം നിനക്ക്, താഴെയുള്ള ഭാഗം എനിക്ക്.” വിനോദ് സമ്മതിച്ചു. മാസങ്ങൾ കഴിഞ്ഞു വിളവെടുപ്പ് വന്നു. ദാമു വയലിൽ എത്തിയപ്പോൾ കണ്ടത് നെല്ല്! മുകളിൽ നെല്ലും, താഴെ വൈക്കോലും. മുഴുവൻ നെല്ലും വിനോദിന് കിട്ടി. ദാമുവിന് കിട്ടിയത് വെറും വൈക്കോൽ മാത്രം.

ദാമു ക്രുദ്ധനായി ചിന്തിച്ചു: “അടുത്ത പ്രാവശ്യം മുഴുവൻ ഞാൻ പിടിച്ചുകൂട്ടും.” വീണ്ടും വിനോദ് സ്ഥലം ചോദിച്ചപ്പോൾ ദാമു പറഞ്ഞു: “ഇപ്പോൾ മുകളിലും താഴെയും എനിക്ക് വേണം. നിനക്ക് കിട്ടുന്നത് നടുവിലെ ഭാഗം മാത്രം.” വിനോദ് ചിരിച്ച് സമ്മതിച്ചു. മാസങ്ങൾക്കു ശേഷം വിളവെടുപ്പ് സമയത്ത് ദാമു വയലിൽ എത്തിയപ്പോൾ കണ്ടത് കരിമ്പ്! മുകളിൽ ഇലകളും, താഴെ വേരും, നടുവിലെ കരിമ്പ് മുഴുവൻ വിനോദിന്.

താനാണ് വലിയ ബുദ്ധിമാൻ എന്ന് കരുതിയിരുന്ന ദാമു, വിനോദിന്റെ ബുദ്ധി കണ്ടപ്പോൾ തന്റെ തെറ്റ് മനസ്സിലാക്കി. തന്റെ അഹങ്കാരം മാറ്റി, നല്ല മനസ്സോടെ ജീവിക്കാൻ തീരുമാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top